ചെഗുവേരയുടെ ആത്മഹത്യ
..................................................................................................


ആത്മഹത്യ ചെയ്ത ഒരാളുടെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ നോക്കിയിട്ടുണ്ടോ ?
അതില്‍ കാണാം അവന്റെ സ്വപ്നങ്ങളും മോഹഭംഗങ്ങളും
അവന്റെ സൌഹൃദവിരുന്നുമേശകളില്‍ നിരന്നിരുന്ന
പൊറോട്ടയുടെയും ബീഫിന്റെയും മുളകാര്‍ന്ന മണം
അവനിലെ വിപ്ലവത്തിന്റെ തീപ്പൊരികള്‍ നമ്മെ ചെറുതായ് പൊള്ളിക്കും
അവന്റെ പെരുംതച്ചന്‍വിരുതുകള്‍ നമ്മളെ രസിപ്പിക്കും
ഇനിയും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ചങ്ക് ബ്രോക്കളുടെ കൂടെ
സ്കൂൾ അങ്കണങ്ങളിൽ അവനുലാത്തുന്നതും കാണാം
ദിനംപ്രതി വിസ്താരംകൂടും മനസ്സിന്റെ കാന്‍വാസ്സില്‍
ഇഷ്ടനായകരുടെ വിജയതിലകമണിഞ്ഞ വിഗ്രഹങ്ങള്‍
ഇനിയാത്രകളില്‍, കണ്ണെത്താപ്പാതകളില്‍ അവനെത്തിച്ചേരേണ്ട ലക്ഷ്യസത്രങ്ങള്‍
അവന്റെ സ്വപ്നസൌധങ്ങളുടെ സ്ഫടികഭിത്തികള്‍
എന്നിട്ടും ?
കുനിഞ്ഞ ശിരസ്സിന്റെ ഭാരത്തെ ഒരു പിടി കയറിനാല്‍ നീ കഴുവിലേറ്റി
ചെഗുവേരയുടെ വരജ്വാലകള്‍ നിന്റെ ചുവരിലല്ല പതിയെണ്ടിയിരുന്നത്
അവ നിന്റെ കലാലയഭിത്തികളെ കത്തിക്കും മോളോട്ടോവുകളാകേണ്ടിയിരുന്നു
ചുരുണ്ട മുഷ്ടികള്‍ പൊളിക്കേണ്ടിയിരുന്നത്‌ രക്തം ചിന്തിയ നിന്റെ ഹോസ്റ്റല്‍മുറിയല്ല
മറിച്ചു നിന്റെ കൂട്ടുകാര്‍ ചോര ഛര്‍ദ്ദിച്ച ഇടിമുറികളായിരുന്നു
കൂര്‍ത്ത വിരല്‍മുനകള്‍ ചൂണ്ടേണ്ടിയിരുന്നത് സഹപാഠികള്‍ക്ക് നേരെയല്ല
നിങ്ങളുടെ നട്ടെല്ലിനെ വളച്ച അധികാരസിംഹാസനങ്ങള്‍ക്കെതിരെയായിരുന്നു
എങ്കിലും,
മരണത്തിലും നീയൊരു ജനതയെ ഉണര്‍ത്തി
നിന്റെ കുഴിമാടത്തില്‍ ഞങ്ങളിട്ട മണ്ണ് ഇനിയും ഉറച്ചിട്ടില്ല
അതില്‍ മുള പൊട്ടാന്‍ കാത്തിരിക്കുന്ന വിത്തുകളില്‍ നിന്നും
തല കുനിക്കുന്ന , മുട്ടിലിഴയുന്ന ജന്മങ്ങളുണ്ടാവില്ല
നീയുരുകിയ ചിതയിലെ ചാരത്തില്‍ നിന്നും
ഒരു യുവത തന്നെ പുനര്‍ജനിക്കും !
#JusticeForJishnuRemembering Jishnu

Comments

Popular posts from this blog

സരോദ്