വയല്‍പാട്ട്
വയൽപ്പാട്ട് “ തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം ആകാശപ്പോന്നാലിന്‍ ഇലകളെ ആയതില്‍ തൊട്ടേ വരാം” ആറു വയസ്സുകാരന്റെ ഓണസങ്കല്‍പ്പങ്ങള്‍ക്ക് ഈണം പകര്‍ന്നത്എന്നും പാട്ടുകളായിരുന്നു. ടി വി പ്രചാരത്തിലാകാത്ത ഒരു കാലഘട്ടത്തില്‍ , തിരുവനന്തപുരം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമം.വയലിന്റെ കരയില്‍ 40 സെന്റിലെ വീട്ടില്‍ ഒറ്റക്കുട്ടിയുടെ ഓണം ഓര്‍മ്മകള്‍ രൂപം കൊള്ളുന്നു. വയല്‍ നികത്തിയ പണയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇരട്ടതെങ്ങുകള്‍ തമ്മില്‍ ആദ്യം വടം കൊണ്ട് ബന്ധിപ്പിക്കുന്നു. തെങ്ങുകയറ്റക്കാരന്‍ കുഞ്ഞിരാമന് മാത്രമേ തെങ്ങില്‍ പിടിച്ചു കയറി അത്രയും ഉറപ്പോടെ വടം ബന്ധിക്കാനുള്ള കഴിവുള്ളു – ഉത്സാഹികളായ മാമന്മാരുടെ ഏണിവഴിയുള്ള വടബന്ധനം പാളിയിട്ടെ ഉള്ളു. അതില്‍ നിന്നും ഞാന്നു കിടക്കുന്ന ഊഞ്ഞാലിന്റെ ഇരിപ്പിടം മിക്കപ്പോഴും അടുക്കളയിലെ ഉലക്ക ആയിരുന്നു. ഇരുപതോളം ദിവസം നീണ്ടുനില്‍ക്കുന്ന ഊഞ്ഞാല്‍ക്കാലത്ത് അമ്മൂമ്മ ധാന്യങ്ങള്‍ പൊടിച്ചിരുന്നത് എങ്ങനെയാണാവോ ! ഒരുപക്ഷെ പഴയ ഉലക്കയാകും മാമന്മാരുടെ ഉദ്യമത്തിനു നാരീജനം സംഭാവന ചെയ്തത് എന്നു ഇപ്പോള്‍ തോന്നുന...