വയല്‍പാട്ട്

വയൽ‌പ്പാട്ട്


“ തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശപ്പോന്നാലിന്‍ ഇലകളെ ആയതില്‍ തൊട്ടേ വരാം”

ആറു വയസ്സുകാരന്റെ ഓണസങ്കല്‍പ്പങ്ങള്‍ക്ക് ഈണം പകര്‍ന്നത്എന്നും പാട്ടുകളായിരുന്നു. ടി വി പ്രചാരത്തിലാകാത്ത ഒരു  കാലഘട്ടത്തില്‍ , തിരുവനന്തപുരം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമം.വയലിന്റെ കരയില്‍ 40 സെന്റിലെ വീട്ടില്‍ ഒറ്റക്കുട്ടിയുടെ ഓണം ഓര്‍മ്മകള്‍ രൂപം കൊള്ളുന്നു.

വയല്‍ നികത്തിയ പണയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇരട്ടതെങ്ങുകള്‍ തമ്മില്‍ ആദ്യം വടം കൊണ്ട് ബന്ധിപ്പിക്കുന്നു. തെങ്ങുകയറ്റക്കാരന്‍ കുഞ്ഞിരാമന് മാത്രമേ തെങ്ങില്‍ പിടിച്ചു കയറി അത്രയും ഉറപ്പോടെ വടം ബന്ധിക്കാനുള്ള കഴിവുള്ളു – ഉത്സാഹികളായ മാമന്മാരുടെ ഏണിവഴിയുള്ള വടബന്ധനം പാളിയിട്ടെ ഉള്ളു. അതില്‍ നിന്നും ഞാന്നു കിടക്കുന്ന ഊഞ്ഞാലിന്റെ ഇരിപ്പിടം മിക്കപ്പോഴും അടുക്കളയിലെ ഉലക്ക ആയിരുന്നു. ഇരുപതോളം ദിവസം നീണ്ടുനില്‍ക്കുന്ന ഊഞ്ഞാല്‍ക്കാലത്ത് അമ്മൂമ്മ ധാന്യങ്ങള്‍ പൊടിച്ചിരുന്നത് എങ്ങനെയാണാവോ ! ഒരുപക്ഷെ  പഴയ ഉലക്കയാകും മാമന്മാരുടെ ഉദ്യമത്തിനു നാരീജനം സംഭാവന ചെയ്തത് എന്നു ഇപ്പോള്‍ തോന്നുന്നു.

പറഞ്ഞു വന്നത് ഊഞ്ഞാലിനെ കുറിച്ചാണ്. അന്ന് കാലുകള്‍ തൊന്നിയും കുടം വിട്ടും ആടിത്തിമിര്‍ക്കുമ്പോള്‍ തൊട്ടതു ബാല്യത്തിന്റെ അനന്തവിഹായസ്സിനെ തന്നെയാണ്.

വയലിന്റെ കരയില്‍ കൂടി 300 വാര നടന്നാല്‍ ദേവീക്ഷേത്രമായി. ഉത്സവങ്ങളുടെ നിറവേറുന്നത് കൊയ്ത്തു കഴിഞ്ഞു വരണ്ടു കിടക്കുന്ന പാടങ്ങളിലാണ്.കൊയ്ത കറ്റകളുടെ കുറ്റികള്‍ ബാലെ/നാടക ആസ്വാദനത്തിനു ഭംഗം ഉണ്ടാക്കാതിരിക്കാന്‍, വീട്ടില്‍ നിന്നേ പായകളും പറമ്പുകളും ചുരുട്ടി ആകും ഞങ്ങളുടെ വരവ്.

കാഴ്ച കാണാന്‍ വരുന്ന ബാല്യങ്ങള്‍ക്ക്‌ , പനയുടെ മുകളില്‍ വെച്ചു കെട്ടിയ കോളാമ്പികളില്‍ നിന്നും  ഉത്സവഗാനങ്ങളുടെ അകമ്പടി ഉണ്ടാകും
“ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍, വാടിയ പൂവണിയിൽ ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ‍


 ഞങ്ങളുടെ മുന്‍ തലമുറ , എന്പതുകളിലെ കാമ്പസ്സ്കളില്‍ നിന്നും പടിയിറങ്ങിയ ക്ഷുഭിതയൌവനമായിരുന്നു. അവര്‍ തങ്ങളുടെ ഊര്‍ജം ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബുകളില്‍ കേന്ദ്രീകരിച്ചു. ഈ ക്ലബ്ബുകളുടെ ഓണാഘോഷം ആ നാടിന്റെ തന്നെ ഉത്സവം ആയിരുന്നു. ഉത്രാടത്തിനും തിരുവോണത്തിനും ഈ ക്ലബ്ബുകള്‍ക്ക് ചുറ്റും താല്‍കാലിക സ്റ്റേജുകള്‍ ഉയര്‍ന്നു , കലാ കായിക മത്സരങ്ങളിലെ വിജയികള്‍ ഇവിടെ നിന്നും ആദ്യസമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ക്ലബ്ബിന്റെ കൊടിമരത്തിനു സമീപം ഇട്ട വലിയ പൂക്കളത്തിന്റെ നടുക്കായി കോര്‍ത്ത്‌ വെച്ച ഇലയടയെ ചൂരല്‍ വളച്ചുണ്ടാക്കിയ വില്ലുകളില്‍, ചെത്തിമിനുക്കിയ അമ്പുകള്‍ ഉപയോഗിച്ച് മിടുക്കന്മാര്‍ എയ്തെടുത്തു. (സ്ഥിരം വില്ലാളിവീരനായ പ്രസാദ്‌ ഇന്ന് പഞ്ചായത്ത് മെമ്പര്‍ ആയിരിക്കുന്നു എന്ന് ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അറിഞ്ഞു ). അത്തവണ പരാജയപ്പെട്ട അര്‍ജുനന്മാര്‍ക്ക് ആവേശം കെടാതിരിക്കാന്‍ ഉച്ചഭാഷിണികള്‍ പാടി

“ അമ്പേന്തി വില്ലേന്തി വാളെന്തിയും, തമ്പേറിന്‍ താലത്തില്‍ പോരാടിയും ‘മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങള്‍ നാവായീ “

കാലം വീണ്ടും മുന്നോട്ടു പോയി. അടുത്ത ഓണത്തിന് ഒറ്റക്കുട്ടിക്കു ഒരു സഹകരണബാങ്കില്‍ അംഗത്വം കിട്ടി “ തോലുമാടന്‍ സഹായ സഹകരണബാങ്ക് “ . അടുത്ത വീട്ടിലെ വികൃതികളായ ഷാജി/ഷിബു സഹോദരങ്ങള്‍ നയിച്ച ഈ ബാങ്കിന്റെ മൂലധനം ഓണദിവസങ്ങളില്‍ അയല്‍വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന തോലുമാടനു വീട്ടുകാര്‍ നല്‍കുന്ന ചില്ലറ തുട്ടുകളായിരുന്നു. ഉണങ്ങിയ വാഴയിലകളും, വയ്ക്കോലും കൊണ്ട് മൂടിയ തോലുമാടന് അകമ്പടിയായ് കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടന്‍ ചേട്ടന്‍ ഉണ്ടാകും  ബാങ്കിന്റെ കളക്ഷന്‍ എജന്റായി. കയ്യില്‍ കുട്ടിക്കൂറ പൌഡറിന്റെ ടിന്‍ തുരന്നുണ്ടാക്കിയ ഭണ്ടാരപ്പെട്ടിയും. അകമ്പടിസേവക്കാരുടെ കയ്യില്‍ ബ്രിട്ടാനിയ/ഫാരക്സ് തുടങ്ങിയ കമ്പനികളുടെ ടിന്നുകളാല്‍ നിര്‍മിച്ച ചെണ്ടകളും ഉണ്ടാകും. ഈ ബാങ്കിന്റെ ബാലന്‍സ്‌ ഷീറ്റുകളില്‍ ഈ സംഘത്തിന്റെ ഉന്നതന്മാര്‍ക്ക് വാങ്ങിയ സിപ് അപ്പുകളുടെയും കോണ്‍ ഐസ് ക്രീമുകളുടെയും കുംഭകോണങ്ങളുടെ കഥകള്‍ ഒളിഞ്ഞുകിടന്നു


കാലമേറെ മുന്നോട്ടു വന്നു.
നിക്കറിട്ട ഒറ്റക്കുട്ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പാന്റ്ധാരിയായി പരിണമിച്ചു. പിന്നെ പ്രവാസിയും.

കാള പൂട്ടിയ, കലപ്പകൊണ്ടുഴുതു മറിച്ച പാടങ്ങള്‍ പിന്നെ ഇരുമ്പ് ചക്രമുള്ള ട്രാക്ടറിനും അവസാനം മണ്ണിട്ട്‌ മൂടാനെത്തിയ ടിപ്പറിന്റെ ടയറുകള്‍ക്കും വഴിമാറിക്കൊടുത്തു
പറമ്പിലെ തുംബപ്പൂക്കള്‍ക്കൊപ്പം മുക്കുറ്റിയും നാലുമണിപൂവും അപ്രത്യക്ഷമായി.

ക്ഷുഭിതയൌവനങ്ങളില്‍ ചിലത് ഗള്‍ഫില്‍ കുടിയേറി.ചിലര്‍ ടെസ്റ്റ്‌ എഴുതി ഗവര്‍മെന്റ് സര്‍വീസില്‍ കയറി.
മണലാരണ്യത്തിലിരുന്നു മനസ്സില്‍ ആ പാടത്തിന്റെ വരമ്പിലൂടെ നടക്കുന്ന ഒറ്റക്കുട്ടിയുടെ മനസ്സില്‍ വയല്‍ക്കാറ്റിനോടൊപ്പം ഓണപ്പാട്ടിന്നുമുണ്ട്..

“പൊന്നോണം വന്നു പൂമ്പട്ടു വിരിക്കുമീ
പൊന്നിലഞ്ഞി തണലില്‍
ഒന്നുമറിയാത്ത പിഞ്ചോമനകളായ് വന്നു നില്‍ക്കുന്നു നമ്മള്‍ “



                                         ആദര്‍ശ് മാധവന്‍കുട്ടി

Comments

Popular posts from this blog

സരോദ്